ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം

 

ആദ്യകാലത്ത് പൂര്‍ണ്ണമായും വനപ്രദേശമായിരുന്ന ഇവിടെ ആദിവാസികള്‍ മാത്രമാണ് വസിച്ചിരുന്നത്. വനത്തെമാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിച്ചിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. ഇവര്‍ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ഏക ബന്ധമാകട്ടെ നിലമ്പൂര്‍ കോവിലകവുമായിട്ടായിരുന്നു. ഇവരില്‍ ബഹുഭൂരിഭാഗവും കോവിലകത്തെ ആശ്രിതരുമായിരുന്നു. 1930-നുശേഷം മുള വെട്ടുന്നതിനും, മരം മുറിച്ച് കരിചുടുന്നതിനും വേണ്ടി ഇവിടെയെത്തിയ ആളുകള്‍ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുകയും താല്‍ക്കാലികമായി ഇവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഇവരാണ് ഈ പ്രദേശത്തേക്കുള്ള കുടിയേറ്റത്തിന് പ്രേരണയായത്. തുടര്‍ന്ന് വണ്ടൂര്‍, വാണിയമ്പലം, മഞ്ചരി, മേലാറ്റൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് സ്ഥിരവാസത്തിനായി ആളുകള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നു. നിലമ്പൂര്‍ റെയില്‍പാത, കോഴിക്കോട്-നിലമ്പൂര്‍-ഊട്ടിറോഡ് എന്നീ ഗതാഗത സൌകര്യങ്ങള്‍ ഈ പ്രദേശത്തേക്കുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടി. സ്വാതന്ത്ര്യത്തിനു മുമ്പ് കുടിയേറ്റമുണ്ടായിക്കഴിഞ്ഞെങ്കിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവമൊന്നും ഈ പ്രദേശത്ത് ഉണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. 1950-ല്‍ അതിരൂക്ഷമായ വരള്‍ച്ച ഈ പ്രദേശത്തുണ്ടായി. നെല്‍കൃഷി മുഴുവന്‍ നശിക്കുകയും, കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തു. ചാത്തുണ്ണി, എ.പി.വര്‍ഗ്ഗീസ്, കളത്തിങ്കല്‍ ഹംസ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകസംഘം രൂപീകൃതമാവുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വഴിക്കടവിന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത ഒരേടാണ്, 1952-ല്‍ വെള്ളക്കട്ടയില്‍ നടന്ന തരിശുപ്രക്ഷോഭം. എ.കെ.ജിയാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത്. എ.കെ.കേരളീയന്‍, കുഞ്ഞുണ്ണി, ഡോ.ഉസ്മാന്‍ എന്നിവരും സമരവുമായി ബന്ധപ്പെട്ട് നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ നടന്നതുകൊണ്ടാവാം, ഈ സമരത്തെ കമ്മ്യൂണിസ്റ്റ് വെട്ട് എന്നാണറിയപ്പെടുന്നത്. സമരഫലമായി ലഭിച്ച 16 ഏക്കര്‍ സ്ഥലം പാര്‍ട്ടിയാണ് വീതിച്ചുകൊടുത്തത്. ഈ സമരമാണ് ഈ പ്രദേശത്ത് ഭൂമി വെട്ടിപ്പിടിക്കുന്നതിനു ജനങ്ങള്‍ക്ക് പ്രചോദനമായത്. ഭൂമി വെട്ടിപ്പിടിക്കല്‍ സമരവുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളില്‍ നേതൃത്വം വഹിച്ചിരുന്ന കുഞ്ഞാലിയെ വിസ്മരിച്ചു കൊണ്ടുള്ള ചരിത്രം വഴിക്കടവിനില്ല. 1950-കളില്‍ തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് നിരവധിയാളുകള്‍ ഈ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. മാരമണ്‍ കണ്‍വന്‍ഷനിലൂടെ ഉണ്ടായ ആഹ്വാനം, കോഴഞ്ചരി, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ നിലമ്പൂര്‍ പ്രദേശത്തേക്ക് ആകര്‍ഷിച്ചതിന്റെ ഫലമായി വഴിക്കടവിലും പ്രാന്തപ്രദേശങ്ങളിലും കുടിയേറ്റം ത്വരിതഗതിയിലായി. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിന് കോവിലകത്തിന്റെ അനുമതി ആവശ്യമായിരുന്നു. പാട്ടവ്യവസ്ഥയിലാണ് കൃഷി ആരംഭിക്കാന്‍ അനുമതി കിട്ടിയത്. പാട്ടവ്യവസ്ഥയാകട്ടെ കര്‍ശനമായിരുന്നുതാനും. കുടിയേറ്റം ഈ പ്രദേശത്തിന്റെ എല്ലാ തുറകളിലേയും വികസനത്തിനു തുടക്കം കുറിച്ചു. ഭൂപരിഷ്കരണ നടപടികളോടെ ഈ പ്രദേശത്തെയും ജന്മിത്തത്തിനു അറുതി വരികയും കൃഷിഭൂമി കൈവശക്കാരന് സ്വന്തമാവുകയും ചെയ്തു. കുടിയേറ്റകാലഘട്ടത്തിനു മുന്‍പുതന്നെ നിലമ്പൂര്‍-ഊട്ടി റോഡുണ്ടായിരുന്നു. അന്നും സി.എന്‍.ജി.റോഡ് (കോഴിക്കോട്-നിലമ്പൂര്‍-ഗുഡല്ലൂര്‍ റോഡ്) എന്നു വിളിക്കപ്പെട്ടിരുന്ന ഈ റോഡ് ടാര്‍ ചെയ്തിരുന്നു. കരികൊണ്ട് ഓടിച്ചിരുന്നതും കരിവണ്ടി എന്നറിയപ്പെട്ടിരുന്നതുമായ ബസുകളാണ് അക്കാലത്ത് ഓടിയിരുന്നത്. വഴിക്കടവിന്റെ അന്നത്തെ പേര് മരുതുങ്കല്‍ എന്നായിരുന്നുവെന്ന് അറിയുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഭയന്ന് സംഘം ചേര്‍ന്നാണ് ആളുകള്‍ യാത്രചെയ്തിരുന്നത്. പല പ്രദേശങ്ങളില്‍ നിന്നും എത്തുന്ന കുടിയേറ്റക്കാര്‍ ഇവിടെ ഒരുമിച്ചുകൂടിയതിനുശേഷമാണ് ദൂരസ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടിരുന്നത്. മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുന്ന വഴിയില്‍, ഇടയ്ക്കുള്ള താവള(കടവ്)മാണ് പില്‍ക്കാലത്ത് വഴിക്കടവ് എന്നറിയപ്പെടാന്‍ കാരണമായതെന്ന് കാരണവന്‍മാര്‍ പറയുന്നു. കട്ടികൂടിയ വെള്ളമുണ്ടായിരുന്ന പ്രദേശമായിരുന്നു വെള്ളക്കട്ട. അതിനാലാണ് ഈ സ്ഥലം വെള്ളക്കട്ട എന്ന പേരിലറിയപ്പെടാന്‍ ഇടയായത്. ആനമറിഞ്ഞിരുന്ന  സ്ഥലത്തിന് ആനമറി എന്നും, പൂവ്വത്തിമരം ധാരാളമായി വളര്‍ന്നിരുന്ന സ്ഥലത്തിനു പൂവ്വത്തിപൊയില്‍ എന്നും, പാലാട്ട് കോമന്റെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലത്തിനു പാലാട് എന്നും പേരു വന്നു. മണിമുളം എന്ന വാക്കില്‍ നിന്നാണ് മണിമൂളിക്ക് ആ പേരു വന്നതെന്നും, അതല്ല, മുളമൂളി എന്ന വാക്കില്‍ നിന്നാണ് മണിമൂളി എന്ന സ്ഥലപ്പേരുണ്ടായതെന്നും പഴമക്കാരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ആദ്യം എടക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വഴിക്കടവ് പ്രദേശം 1969-ഒക്ടോബര്‍ 9-ാം തീയതിയാണ് വഴിക്കടവ് പഞ്ചായത്തായി രൂപാന്തരപ്പെട്ടത്.

 

കുടിയേറ്റചരിത്രം

 

വഴിക്കടവ് പഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. കുടിയേറ്റ ഗ്രാമീണര്‍ മണ്ണിനോടും വന്യമൃഗങ്ങളോടും സാംക്രമികരോഗങ്ങളോടും മല്ലിട്ട് മണ്ണില്‍ കനകം വിളയിച്ചു. കൃഷി ഉപജീവനമാക്കിയ ഗ്രാമീണര്‍ക്ക് ഗതാഗത സൌകര്യങ്ങളോ, വിദ്യാഭ്യാസസൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. 1930-35 കാലയളവില്‍ മൊത്തത്തില്‍ വനപ്രദേശമായി കിടന്നിരുന്ന ഇവിടെനിന്ന് മരം, കരി എന്നിവ സംഭരിക്കുന്നതിന് മരവ്യവസായികളും അതിനോട് ബന്ധപ്പെട്ട തൊഴിലാളികളുമാണ് ആദ്യമായി ഇവിടെ എത്തിപ്പെട്ടത്. നിലമ്പൂര്‍ കോവിലകത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു ഈ വനപ്രദേശങ്ങള്‍. മരം മുറിക്കുന്നതിനും മറ്റുമായെത്തിയ തൊഴിലാളികള്‍ സമതല പ്രദേശങ്ങളില്‍ കൃഷി ഇറക്കുകയും വിളവെടുത്തശേഷം മടങ്ങിപ്പോവുകയും ചെയ്യുന്ന രീതിയായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. മണ്ണാര്‍ക്കാട്, മേലാറ്റൂര്‍, മഞ്ചരി മുതലായ പ്രദേശങ്ങളില്‍ നിന്നും ആ കാലയളവില്‍ തന്നെ കുറേ ആളുകള്‍ ഇവിടെ കുടിയേറിപാര്‍ത്തു കൃഷി ചെയ്തു താമസമാക്കി. ഇങ്ങനെ പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നല്ല രീതിയില്‍ നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. 1950-കളില്‍ തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് നിരവധിയാളുകള്‍ ഈ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. മാരമണ്‍ കണ്‍വന്‍ഷനിലൂടെ ഉണ്ടായ ആഹ്വാനം, കോഴഞ്ചരി, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ നിലമ്പൂര്‍ പ്രദേശത്തേക്ക് ആകര്‍ഷിച്ചതിന്റെ ഫലമായി വഴിക്കടവിലും പ്രാന്തപ്രദേശങ്ങളിലും കുടിയേറ്റം ത്വരിതഗതിയിലായി. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിന് കോവിലകത്തിന്റെ അനുമതി ആവശ്യമായിരുന്നു. പാട്ടവ്യവസ്ഥയിലാണ് കൃഷി ആരംഭിക്കാന്‍ അനുമതി കിട്ടിയത്. പാട്ടവ്യവസ്ഥയാകട്ടെ, കര്‍ശനമായിരുന്നുതാനും. കുടിയേറ്റകര്‍ഷകര്‍ കാട്ടാനകളോടും, കാട്ടുപോത്ത്, കരടി തുടങ്ങിയ മൃഗങ്ങളോടും, പ്രതികൂലസാഹചര്യങ്ങളോടും മല്ലടിച്ച് ഈ മണ്ണില്‍ കനകം വിളയിച്ചു. 1957-ലെ കുടിയിറക്ക് നിരോധന ഓര്‍ഡിനന്‍സിന്റെ ഫലമായി, കുടിയേറ്റ കര്‍ഷകര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന് ബോധ്യം വന്നു. അതോടെ അവര്‍ റോഡുകളും പാലങ്ങളും തോടുകളും മറ്റും നിര്‍മ്മിക്കുവാനും, ഒപ്പം സ്ക്കൂളുകള്‍ സ്ഥാപിക്കുവാനുമാരംഭിച്ചു. കുറ്റിക്കുളം പാടം, കതിര്‍ചൊലിയം പാടം, മണല്‍പാടം, കുമ്പളക്കല്ല്, മണിമൂളി മുതലായ പ്രദേശങ്ങളില്‍ നെല്‍കൃഷി സജീവമായി. 1960-ല്‍ അതിരൂക്ഷമായ വരള്‍ച്ച ഈ പ്രദേശത്ത് ഉണ്ടായി. നെല്‍കൃഷി മുഴുവന്‍ നശിക്കുകയും അന്നുണ്ടായിരുന്ന വീടുകള്‍ മേയുന്നതിന് വൈക്കോല്‍ പോലും കിട്ടാത്ത അവസ്ഥയുമുണ്ടായി. വഴിക്കടവ് പഞ്ചായത്തില്‍ 1973-ല്‍ ആരംഭിച്ച കവിത വായനശാലയാണ് ഇവിടെയുണ്ടായ ആദ്യത്തെ ഗ്രന്ഥാലയം.